Department News - Neonatology1353 mothers donated surplus breast milk. 15,99,243 ml of milk was collected.

മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് അത് നൽകാൻ ഗവ. മെഡിക്കൽ കോളേജിൽ തുടങ്ങിയ സമഗ്ര മുലയൂട്ടൽ പരിപാലന കേന്ദ്രത്തിൽ ഒരു വർഷത്തിനിടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞത് 1,561 കുഞ്ഞുങ്ങൾ. 15,99,243 മില്ലി പാൽ ശേഖരിച്ചു.1,353 അമ്മമാർ സ്വന്തം കുഞ്ഞിന്റെ ഉപയോഗത്തിനുശേഷം മിച്ചമുള്ള പാൽ ദാനം ചെയ്തു.


മാസം തികയാതെ ജനിച്ച, ജനനസമയത്ത് ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾക്കും മുലപ്പാൽ നൽകി. ഇവിടെ ചികിത്സയിലില്ലാത്ത കുഞ്ഞുങ്ങൾക്കും നൽകിയതാണ് മറ്റൊരു നേട്ടം. എറണാകുളം, കോഴിക്കോട്, തൃശൂർ മിഷൻ ആശുപത്രി എന്നിവിടങ്ങളിൽ അതത് ആശുപത്രികളിലെ ശിശുക്കൾക്ക് മാത്രമേ നൽകാറുള്ളൂ.


മെഡിക്കൽ കോളേജിൽ പ്രസവിക്കുന്ന അമ്മമാരിൽ നിന്ന് അവരുടെ കുഞ്ഞിനുള്ളത് കഴിച്ചുള്ള മുലപ്പാൽ ശേഖരിച്ചാണ് ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുപ്പിയിലാക്കി നൽകുന്നത്. പോഷകാഹാര കുറവിനാൽ വലയുന്ന അട്ടപ്പാടി ആദിവാസി മേഖലകളിൽ നിന്ന് ഉൾപ്പെടെയുള്ള ശിശുക്കൾക്ക് ഇത് ആശ്വാസമായി.


ദേശീയ ആരോഗ്യ മിഷന് കീഴിലാണ് ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്ത് മൂന്നാമത്തേതുമായ പദ്ധതി. അമ്മമാരുടെ രേഖാമൂലമുള്ള അനുമതിയോടെയാകും മുലപ്പാൽ സംഭരണം. രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിക്കൂ. സിഡ്ചാർജിന് ശേഷം തുടർ ചികിത്സയ്ക്കും വാക്‌സിനേഷനുമെത്തുമ്പോഴും ശേഖരിക്കും.


പാസ്ചറൈസ് ചെയ്ത് മൈക്രോ ബയോളജിക്കൽ പരിശോധന നടത്തി, ഡീപ് ഫ്രീസറിൽ സൂക്ഷിക്കുന്ന മുലപ്പാൽ ചുരുങ്ങിയത് നാല് മാസം ഉപയോഗിക്കാം.
 

നവജാത ശിശുവിന് വേണ്ടത്

  • പ്രതിദിനം 250 മില്ലി. (മൂന്ന് കിലോ തൂക്കം. ഒരാഴ്ച വരെ)
  • തുടർന്ന് 500 മില്ലി


മുലപ്പാലിന്റെ ഗുണം

  • എളുപ്പത്തിൽ ദഹിക്കും
  • സമ്പൂർണ ആഹാരം
  • പ്രതിരോധശക്തി കൂട്ടും
  • ബുദ്ധി വികസിപ്പിക്കും


മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കും ദത്തെടുത്ത കുഞ്ഞുങ്ങൾക്കും അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കുമെല്ലാം കേന്ദ്രം ആശ്വാസമായി.

ഡോ. ഫെബി ഫ്രാൻസിസ്, അസോ. പ്രൊഫ., മെഡി. കോളേജ്

Courtesy: KeralaKaumudi

Dtd. 28 Aug 2024